June 25, 2024

ഡോക്ടർമാരെ അവഹേളിക്കുന്ന ശമ്പള പരിഷ്കരണം പിൻവലിക്കണം; കെ.ജി.എം.ഒ.എ.

Share Now

തിരുവനന്തപുരം; കോവിഡ് മഹാമാരി സമയത്തും രോ​ഗീപരിചരണത്തിന് പ്രാധാന്യം നൽകി സംസ്ഥാനത്തെ രക്ഷിച്ച ഡോക്ടർമാരെ അവഹേളിക്കുന്ന നയങ്ങളിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജി. എസ്. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ കെജിഎംഒഎയുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ സംവിധാനം കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കോവിഡ് എന്ന മഹാമാരിക്കെതിരെ മുന്നിൽനിന്ന് പോരാടുകയാണ്.
അടിസ്ഥാനപരമായി പല പരിമിതികളുണ്ടെങ്കിലും, ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന ഈ സംവിധാനം മഹാമാരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുവാൻ കഷ്ടപ്പെടുന്നുണ്ട്.


വിഖ്യാതമായ കേരള മോഡൽ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ നെടുംതൂണായി പ്രവർത്തിക്കുന്ന സർക്കാർ ഡോക്ടർമാർക്ക് ഈ കൊറോണ കാലത്ത് നേരിടേണ്ടി വന്നത് വലിയ അവഗണനയാണ്. കോവിഡ് കാലത്തും ലോക്ഡൗൺ സമയത്തും മറ്റ് പല വിഭാഗം ആളുകളും വീടുകളിലെ സുരക്ഷിതത്തിൽ ഇരുന്നപ്പോൾ, സ്വന്തം ആരോഗ്യം പോലും കണക്കാക്കാതെ കോവിഡ് രോഗികളെ പരിചരിക്കുകയായിരുന്നു ഡോക്ടർമാർ. ഈ സേവനത്തിനിടെ പല ഡോക്ടർമാരും, അവരിലൂടെ കുടുംബാംഗങ്ങളും രോഗബാധിതരായി. കടുത്ത മാനസിക സമ്മർദ്ദത്തിലും അമിത ജോലിഭാരം വഹിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാർക്ക് ന്യായമായും ലഭിക്കേണ്ട റിസ്ക് അലവൻസ് നൽകിയില്ലയെന്ന് മാത്രമല്ല, ശമ്പള പരിഷ്കരണം വന്നപ്പോൾ ഡോക്ടർമാരുടെ ശമ്പളത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചത്. ഇത് ആത്മാർത്ഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണ്. എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും, പേഴ്സണൽ പേ നിർത്തലാക്കിയതും, റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതും ഇതിൽ ചിലതു മാത്രം. മാനവവിഭവശേഷി തുലോം കുറവാണ് സർക്കാർ ആരോഗ്യ മേഖലയിൽ എന്ന വസ്തുത കൂടി ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ടെതുണ്ടെന്നും ഡോ. വിജയകൃഷ്ണൻ പറഞ്ഞു.

ഈ കോവിഡ് കാലത്തും സർക്കാർ ഡോക്ടർമാരോടുണ്ടായ ഈ കടുത്ത അവഗണനയിലും നീതി നിഷേധത്തിനും എതിരെ മാസങ്ങളായി ഞങ്ങൾ നടത്തുന്ന അഭ്യർത്ഥനകൾ അംഗീകരിക്കപ്പെട്ടില്ലെന്ന് യോ​ഗത്തിൽ സ്വാ​ഗതം പറഞ്ഞ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി എൻ സുരേഷ് പറഞ്ഞു. ഇനിയെങ്കിലും സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ നിസഹകരണ സമരം ഉൾപ്പെടെയുള്ള പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഡോ. സുരേഷ് അറിയിച്ചു.

ധർണയെ അഭിസംബോധന ചെയ്തുകൊണ്ട് ഐ എം എ സംസ്ഥാന പ്രസിഡൻറ് ഡോ: പി ടി സക്കറിയ,സെക്രട്ടറി ഡോ. ​ഗോപികുമാർ, കെ ജി എം സി ടി എ സംസ്ഥാന പ്രസിഡന്റ് ഡോ. ബിനോയ് എസ്, ഡോ. രാധാകൃഷ്ണൻ (കെ.ജി.ഐ.എം.ഒ.എ), കെ.ജി.എം.ഒ.എ സംസ്ഥാന ട്രഷറർ ഡോ. ജമാൽ അഹമ്മദ്, എഡിറ്റർ ഡോ. അനൂപ് വി.എസ്, മുൻ പ്രസിഡന്റുമാരായ ഡോ. ജോസഫ് ചാക്കോ, ഡോ. എസ്. പ്രമീള ദേവി, ഡോ. ശ്യം സുന്ദർ ഒ.എസ്, ഡോ. എ.കെ. റൗഫ്, പ്രസിഡന്റ് നോമിനീ ഡോ. അരുൺ എ ജോൺ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തീയറ്റർ തുറക്കാൻ തീരുമാനം ആയി.
Next post ആർമി പോലെ സപ്പ്ളൈ ഓഫീസ് പ്രവർത്തനം; യഥാർത്ഥ ഗുണഭോക്താവിനെ കണ്ടെത്താൻ ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കും ഐ ബി സതീഷ്

This article is owned by the Rajas Talkies and copying without permission is prohibited.