June 22, 2024

ഇങ്ങനെയും ഒരു അദ്ധ്യാപകൻ ഉണ്ട് ഇവിടെ

Share Now

വിദ്യാർത്ഥികൾക്ക് പഠങ്ങളിൽ നിന്നുള്ള അറിവുകൾ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും മികച്ച അറിവുകളും അനുഭവങ്ങളും പകർന്നു നൽകി വേറിട്ട് നിൽക്കുന്നു. വൃക്ഷ തൈ നടീൽ,രക്ത ദാനം, അവയവ ദാനം, പരിസര ശുചീകരണം, പച്ചക്കറി കൃഷി,ലഹരി വിരുദ്ധ ബോധവൽക്കാരണങ്ങൾ, അത്യാഹിത രക്ഷാ പ്രവർത്തനങ്ങൾ,കുട്ടികൾക്ക് കായിക അഭ്യാസത്തിനു വഴിയൊരുക്കൽ,വായന ശാല,മഴ കുഴി,മോട്ടിവേഷണൽ ട്രെയിനർ എന്നുവേണ്ട നാടിന്റെയും പുതു തലമുറയുടെയും നല്ല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഈ ലൈവ് സ്റ്റോക്ക് അദ്ധ്യാപകൻ സദാ കർമ നിരതനാണ്‌ തിരുവനന്തപുരം ആര്യനാട് സ്വദേശിയായ റിട്ടയേർഡ് കോളേജ് അധ്യാപകനായ ഡോ.എം.സദ്ദീക്കുൽ കബീറിൻ്റെയും ഷാജാതി ബീഗത്തിൻ്റെയും മൂത്ത മകനായ സമീർസിദ്ധിഖി.ഇപ്പോൾ ഈസ്റ്റ് മാറാടി സ്‌കൂളിലെ അദ്ധ്യാപകനായ സമീർ സിദ്ധിഖിയുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ മാതൃകാപരമാണ് .

ഇരുപത്തി അഞ്ച് തവണയിലേറെ രക്തദാനം നൽകിയിട്ടുള്ള സമീർ സിദ്ധിഖി ജന്മ ദിനത്തിലും വിവാഹ വാർഷിക ദിനത്തിലും രക്തദാനം ചെയ്യാറുണ്ട് ഇരുപതിലധികം രക്തദാതാക്കളുടെ വാട്സാപ്പ്  ഗ്രൂപ്പിലൂടെയും ഫെയിസ്ബുക്കിലൂടെയും  രണ്ടായിരത്തിലധികം രോഗികൾക്ക്  രക്തമെത്തിക്കുന്ന പ്രവർത്തനവും ഇദ്ദേഹം നടത്തിയിട്ടുണ്ട്. പതിനെട്ട് വയസ് ആകുന്ന ജന്മദിനദിവസം എല്ലാ വിദ്യാർത്ഥികളും രക്തദാനം ചെയ്യുമെന്ന പ്രതിഞ്ജയും, സത്യ പ്രസ്താവനയും എഴുതി വാങ്ങിയായിരുന്നു രക്തദാതാക്കളുടെ ദിനം ആഘോഷിച്ചത്.  സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി ലോക അവയവദാന ദിനത്തിൽ സ്വന്തം പേരിലും മറ്റുള്ളവരെക്കൊണ്ടും മൂവായിരത്തിലധികം അവയവദാന സമ്മതപത്രം ഒപ്പിട്ട് ശേഖരിച്ചത്. ഡ്രൈ ഡേയുടെ ഭാഗമായി നടത്തിയ പരിസര ശുചീകരണ ചലഞ്ചിൽ പ്രഷ്യസ് ഡ്രോപ്പ്സ് സംഘടനയ്ക്കൊപ്പം പങ്കെടുത്ത് ഒന്നാം സമ്മാനമായി ലഭിച്ച അൻപതിനായിരം രൂപ മുഴുവൻ വൃക്കരോഗിയായ യുവാവിൻ്റെ ഡയാലിസിസ് ചിലവിനായി നൽകി. സാമൂഹ്യ നീതി വകുപ്പ് നടത്തിയ ലഹരിക്കെതിരെ കൈകോർക്കാം ലഹരി വിമുക്ത എറണാകുളം എന്ന ക്യാമ്പയിനിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിന് നേതൃത്വം നൽകി ഒന്നാം സമ്മാനം നേടി. വിദ്യാർത്ഥികൾക്ക് കരാട്ടെ, നീന്തൽ, പ്രഥമ ശുശ്രുഷ, ക്രിത്രിമ ശ്വാസം നൽകുന്നതിനുള്ള സി.പി.ആർ തുടങ്ങിയവയിൽ പരിശീലനം നൽകി. മാറാടി ഗ്രാമപഞ്ചായത്തിൽ നടന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പിൽ ഓൺലൈൻ രജിസ്ട്രേഷൻ, സാനിറ്റൈസേഷൻ ചെയ്യൽ, ഭിന്നശേഷിക്കാരെ വാക്സിൻ സെൻ്ററിൽ എത്തിക്കുക, വാക്സിൻ ബോധവൽക്കരണത്തിനായി ഷോർട്ട് ഫിലിം നിർമ്മിക്കുക, ആറാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോവിഡ് രോഗികളുടെ വീട്ടിൽ പോയി വോട്ട് ചെയ്യിപ്പിക്കുന്നതിനുള്ള സ്പെഷ്യൽ പോളിംഗ് ഓഫീസർ ആയും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ ഇലക്ഷനിൽ പ്രായമായവർക്കും കന്നി വോട്ടർമാർക്കും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തുന്നതിനായി വീടുകളിൽ ചെന്ന് പരിശീലനം നൽകി. കോട്ടയം എം സി റോഡിലെ തുടർച്ചയായ അപകടങ്ങളും അപകട മരണങ്ങളും പതിവായപ്പോഴും, റോഡിലെ കാഴ്ച തടസപ്പെടുത്തുന്ന രീതിയിലുള്ള കൂറ്റൻ പരസ്യ ബോർഡുകൾ നീക്കം ചെയ്യുന്നതിനും വേണ്ടി തപാൽ ദിനത്തിൽ നൂറ്റി ഒന്ന് കത്തുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് അയച്ച് ഉടനടി പരിഹാരം കണ്ടെത്താനും കഴിഞ്ഞു.റോഡിനു വശങ്ങളിൽ സ്ഥാപിച്ചിരുന്ന ദിശ ബോർഡുകൾ കഴുകി വൃത്തിയാക്കി ഒപ്പം അപകട വളവുകളിൽ പൊതുമരാമത്ത് വകുപ്പിൻ്റെ സഹായത്തോടെ പുതിയ ബോർഡുകളും സ്ഥാപിപ്പിക്കുവാൻ കഴിഞ്ഞു. പ്രധാനമന്ത്രി ജൻ ധൻ യോജന, ഉജ്വൽ യോജന, ഗ്രാമീൺ ഡിജിറ്റൽ സാക്ഷരത അഭിയാൻ, സ്വച്ച് ഭാരത് ക്ലീൻ തുടങ്ങിയ കേന്ദ്ര ഗവൺമെൻ്റിൻ്റെ പദ്ധതികളിലും സജീവ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

സഹവാസിക്കൊരു വീട് പദ്ധതി പ്രകാരം ഭവന രഹിതരായവർക്ക് വീട് നിർമ്മിച്ച് കൊടുക്കുന്നതിനുള്ള സഹായം, സൗജന്യ വീട് വൈദ്യുതീകരണം, സ്നേഹ സഞ്ജീവനി പദ്ധതി പ്രകാരം നിർദനരായ കുടുംബങ്ങൾക്കും രോഗികൾക്കും മരുന്ന്, വീൽചെയർ, ഭക്ഷണം, വസ്ത്രങ്ങൾ, ഡയാലിസിസിനുള്ള സഹായം തുടങ്ങിയവ എത്തിക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ക്യാൻസർ രോഗികൾക്കും സാന്ത്വന സ്പർശവും കൈത്താങ്ങാവാനും വേണ്ടി ഫണ്ട് സ്വരൂപിക്കുവാനായി ഉണക്ക ചാണകവും, ഗോമൂത്രവും വിറ്റും, ഭക്ഷ്യമേള നടത്തിയും, പഴയ ന്യൂസ് പേപ്പർ വിറ്റും തുക കണ്ടെത്തി. പഴയതും ഉപയോഗപ്രദവുമായ മൂവായിരത്തിലേറെ വസ്ത്രങ്ങൾ ശേഖരിച്ച് പാവങ്ങൾക്ക് നൽകി,  ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് നിർമ്മിക്കുന്നതിനായി വിദ്യാർത്ഥിനികളെയും അധ്യാപികമാരെക്കൊണ്ടും, സുമനസുകളെ കൊണ്ടും ഇരുന്നൂറിലധികം പേരുടെ തലമുടി മുറിച്ച് നൽകുന്നതിന് വേണ്ട പ്രചോദനം നൽകി.വികലാംഗയായ യുവാവിന് സൗജന്യമായി ലോട്ടറി ഏജൻസി എടുത്ത് കൊടുത്തും മറ്റ് ജീവിത മാർഗത്തിനായി തൊഴിൽ കണ്ട് പിടിച്ച് കൊടുത്തും കൈത്താങ്ങായി. സ്ത്രീകളുടെ ഉന്നമനത്തിനായും സ്വയം തൊഴിൽ പഠിപ്പിക്കുന്നതിനുമായി കുടുംബശ്രീ പ്രവർത്തകർക്ക് എൽ.ഇ.ഡി ബൾബ് നിർമ്മാണവും സർവ്വീസിംഗിലും, ടോയിലറ്റ് ക്ലീനിംഗ് ലോഷൻ, ഹാൻഡ് വാഷ്, സോപ്പ്, പേപ്പർ ക്യാരി ബാഗ്, തുണി സഞ്ചി തുടങ്ങിയവ നിർമ്മിക്കുന്നതിനും, മാറാടി ഗ്രാമപഞ്ചായത്തിലെ തൊഴിൽ രഹിതരായ യുവാക്കൾക്ക് വേൾ പൂൾ കമ്പനിയുമായി ചേർന്ന് എയർ കണ്ടീഷണർ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങളുടെ സർവ്വീസിംഗിൽ സൗജന്യ പരിശീലനം നൽകി സ്വയംതൊഴിൽ കണ്ടെത്താനുള്ള അവസരം ഒരുക്കി.

മുൻ രാഷ്ടപതി എ.പി ജെ അബ്ദുൽ കലാമിന്റെ  ഓർമ്മയ്ക്കായി “ആയിരം അഗ്നിച്ചിറകുകൾ” എന്ന പേരിൽ വിദ്യാർത്ഥികളുടെയും, സ്വന്തം വീട്ടിലും  പൊതുജനങ്ങൾക്കായി ആയിരത്തിൽപരം പുസ്തകങ്ങളുള്ള ഹോംലൈബ്രറി സ്ഥാപിച്ചു. അകാലത്തിൽ മരണപ്പെട്ട എൻ.എസ്.എസ് കേരള ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ സജിത് ബാബുവിൻ്റെ ഓർമ്മയ്ക്കായി വിവിധ ലൈബ്രറികളിൽ ആയിരത്തിലധികം പുസ്തകങ്ങൾ നൽകി. കൊല്ലം സ്വദേശിയായ ഒൻപത് വയസുകാരൻ അലൈൻ എറിക് ലാലിൻ്റെ സൺഡേ ലൈബ്രറിയ്ക്ക് നൂറ്റി ഒന്ന് പുസ്തകങ്ങൾ നൽകി. കോവിഡ് കാലത്ത് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് വായന പ്രോത്സാഹിപ്പിക്കാനായി പുസ്തകവണ്ടിയുമായി പോയി ലൈബ്രറി പുസ്തകങ്ങൾ കൈമാറി.

വിദ്യാർത്ഥിക്കൂട്ടത്തിന്റെ സഹായത്താൽ മാറാടി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിനെ പ്ലാസ്റ്റിക് സൗഹൃദ വാർഡാക്കി മാറ്റുവാനായി വാർഡിലെ മെമ്പർ ആയിരുന്ന ബാബു തട്ടാർക്കുന്നേലിന്റെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി സ്പെഷ്യൽ ഹൂക്കും തുണി സഞ്ചിയും നൽകി. നിശ്ചിത ദിവസങ്ങൾക്ക് ശേഷം മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് റീസൈക്കിൾ ചെയ്യാനായി നൽകി. മൂവാറ്റുപുഴ എം.എൽ.എ ആയിരുന്ന എൽദോ എബ്രഹാം ഈ വാർഡിനെ പ്ലാസ്റ്റിക് സൗഹ്യദ വാർഡാക്കി പ്രഖ്യാപിക്കുകയും ചെയ്തു.പൊതു സ്ഥലങ്ങളിൽ വെള്ളം കുടിച്ചതിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിയ്ക്കുവാനായി പ്ലാസ്റ്റിക് ബോട്ടിൽ തൊട്ടിൽ കെട്ടി നൂറ് കണക്ക് ചാക്ക് പ്ലാസ്റ്റിക് ശേഖരിച്ചു. ചന്തപ്പാറ അങ്കണവാടിയിലെയ്ക്ക് ആവശ്യമായ ഫർണിച്ചറുകൾ, പുസ്തകങ്ങൾ തുടങ്ങിയവ നൽകി.  ഒപ്പം സമ്പൂർണ്ണ ജൈവ പച്ചക്കറിയിലേയ്ക്കും, പേപ്പർ ക്യാരി ബാഗ് ഉപയോഗത്തിലേയ്ക്കും, അവയവദാന സമ്മത പത്രിക സമർപ്പിച്ച ഗ്രാമമാക്കി മാറ്റുന്നതിനും നേതൃത്വം നൽകി.

മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്കു കേന്ദ്ര ഗവൺമെന്റ് നൽകുന്ന നാഷണൽ യങ്ങ് ലീഡേഴ്സ് അവാർഡ്, കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ  റിസോഴ്സ് എൻ.ജി.ഒ. ആയ സോഷ്യൽ റിസർച്ച് സൊസൈറ്റി മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ “എമിനൻ്റ് റ്റീച്ചർ അവാർഡ്” സംസ്ഥാന സർക്കാരിന്റെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള ഡയറക്ടറേറ്റ് തലത്തിലുള്ള അവാർഡ് , മലയാള മനോരമ നല്ലപാഠം, മാതൃഭൂമി സീഡ് ക്ലബ്ബ് തുടങ്ങിയവയിലെ  മികച്ച റ്റീച്ചർ കോർഡിനേറ്റർക്കുള്ള അവാർഡും ലഭിച്ചു. അവാർഡ് തുക മുഴുവൻ ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റിവച്ചു. കോവിഡ് 19 കാലഘട്ടത്തിലെ മികച്ച മാതൃകാ പ്രവർത്തനങ്ങൾക്ക് എ.പി.ജെ അബ്ദുൽ കലാം സ്റ്ററ്റഡി സെൻ്റർ ഏർപ്പെടുത്തിയ എ.പി.ജെ കലാം പുരസ്കാരവും മനോരമ മലബാർ ഗോൾഡ് ഏർപ്പെടുത്തിയ ഗോൾഡൻ സല്യൂട്ട് അംഗീകാരവും ലഭിച്ചു. അധ്യാപന രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ലാൽ ബന്ധുരാജ് നാരായൺജി ഫൗണ്ടേഷൻ നൽകിയ കർമ്മ സേവപുരസ്കാരം,  മികച്ച സാമൂഹിക സേവനത്തിന് അടൂർ ഭാസി കൾച്ചറൽ ഫോറം നൽകുന്ന കർമ്മ രത്ന പുരസ്കാരം,  മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിനുള്ള ഗാന്ധി സേവ പുരസ്കാരം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് സംസ്ഥാന മദ്യ വർജന സമിതി ഏർപ്പെടുത്തിയ മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

കേരളത്തിനെ പ്രതിനിധീകരിച്ച് കർണ്ണാടകയിൽ നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ കേരള എൻ.എസ്.എസ്  ടീമിനെ നയിച്ചു. , നല്ലപാഠം എ പ്ലസ് സ്കൂൾ, മികച്ച ജലസംരക്ഷണ പ്രവർത്തനത്തിന് മനോരമ നൽകിയ പലതുള്ളി പുരസ്കാരം, മികച്ച രക്തദാന പ്രവർത്തനങ്ങൾക്കുള്ള തെർമോ പെൻ പോൾ അവാർഡ്, പ്രിഷ്യസ് ഡ്രോപ്പ്സ് എക്സലൻസി അവാർഡ്, മികച്ച കാർഷിക പ്രവർത്തനങ്ങൾക്കുള്ള കൃഷിപാഠം സ്കൂൾ അവാർഡ്, മികച്ച കർഷക അധ്യാപകനുള്ള കേരള ബാല കൃഷിശാസ്ത്ര കോൺഗ്രസ് അവാർഡ്. കൂടാതെ ജീവകാരുണ്യം, ഊർജ സംരക്ഷണം,  പരിസ്തിഥി സംരക്ഷണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിയ്ക്കുന്നു. 

കോവിഡ് മഹാമാരിയുടെ ഭാഗമായ ലോക്ക് ഡൗൺ സമയത്ത് വിദ്യാർത്ഥികളെ കൊണ്ട് ആയിരത്തോളം തുണി മാസ്ക് തയ്ച്ച് സൗജന്യമായി വിതരണം ചെയ്തു.  മൂവാറ്റുപുഴയിലെയും പരിസരത്തെയും അതിഥി തൊഴിലാളികൾക്ക് കോവിഡ് പ്രതിരോധ നിർദ്ദേശങ്ങളും ചിത്രങ്ങളും അടങ്ങുന്ന ലഘു ലേഖകൾ മലയാളത്തിന് പുറമെ, ഹിന്ദി, ബംഗാളി, കന്നട, തമിഴ്, ഒഡീഷ തുടങ്ങി വിവിധ ഭാഷകളിൽ തയ്യാറാക്കി വിതരണം ചെയ്തു. ഈ പ്രവർത്തനം സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടതിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും എറണാകുളം ജില്ലാ കളക്ടറുടെയും ഒഫിഷ്യൽ ഫെയിസ് ബുക്ക് പേജിലും ഇടം പിടിച്ചു. ആട്ടോ, ടാക്സി ഡ്രൈവേഴ്സിനും വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് കാലത്ത് വരുന്നവരുടെ പേരും ഡീറ്റയിൽസും രേഖപ്പെടുത്തുന്നതിനായി അഞ്ഞൂറിലധികം “ബ്രേക്ക് ദി ചെയിൻ ഡയറികൾ” തയ്യാറാക്കി വിതരണം ചെയ്തു. സ്നേഹ സഞ്ജീവനി പദ്ധതി പ്രകാരം കോവിഡ് കാലയളവിൽ മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും  സഹായം കണ്ടെത്തി കൊടുക്കുന്നതിൻ്റെ ഭാഗമായി മരുന്നുകളും എൽ.ബി.ആർ.എൻ ഫൗണ്ടേഷൻ നൽകിയ ഡിജിറ്റൽ ബ്ലഡ് ഷുഗർ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഡയബറ്റിക് രോഗികൾക്ക് നൽകി. ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി മുപ്പതിലധികം റ്റി വിയും, ഡിഷും, മൊബൈൽ ഫോണും സ്പോൺസർമാരെ കണ്ടെത്തി അർഹരായവരുടെ കൈകളിൽ എത്തിച്ചു. പരീക്ഷ കാലയളവിൽ  വിദ്യാർത്ഥികൾക്കും ലോക്ക് ഡൗൺ സമയത്ത് പൊതുജനങ്ങൾക്കുമുണ്ടായ മാനസിക സമ്മർദ്ധങ്ങൾക്ക് പരിഹാരമെന്ന നിലയിൽ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ ഹണി വർഗീസിൻ്റെ സഹായത്തോടെ ടെലി കൗൺസലിംഗ് സേവനമൊരുക്കി. 

കഴിഞ്ഞ പ്രളയത്തിൽ കുട്ടനാട്ടേയ്ക്കും , വയനാട്ടിലേയ്ക്കും നടത്തിയ ദുരിതാശ്വാസ ക്യാമ്പിലും മറ്റു  പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുകയും സാലറി ചലഞ്ചിലൂടെയും അല്ലാതെയുമായി അഞ്ച് ലക്ഷത്തിലേറെ രൂപയ്ക്കുള്ള സഹായങ്ങൾ ചെയ്തു, ആയിരം ലിറ്റർ ക്ലീനിംഗ് ലോഷൻ, ഹാൻഡ് വാഷ് തുടങ്ങിയവ തയ്യറാക്കി സൗജന്യമായി വിതരണം ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന് മൂവാറ്റുപുഴ എം.എൽ.എ ആയിരുന്ന എൽദോ എബ്രഹാമിൽ നിന്നും പ്രത്യേക അംഗീകാരവും ആദരവും ലഭിച്ചിട്ടുമുണ്ട്. 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  2020 വൃക്ഷത്തൈകൾ നട്ട “നന്മ മരം ചലഞ്ച് പദ്ധതി, ഹാർട്ട് ഫോർ എത്ത് എന്ന അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ഗ്രീനത്തോൺ പദ്ധതിയുമായി ചേർന്ന് വിദേശ രാജ്യങ്ങളിലെ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ കൊണ്ട് അൻപതിനായിരത്തിലധികം വൃക്ഷത്തൈകൾ നടുകയും മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള നാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്. മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിയതിന് ഇടുക്കി എം.പി ഡീൻ കുര്യക്കോസ് മൂവാറ്റുപുഴ എം.എൽ.എ ഡോ.മാത്യു കുഴൽനാടൻ തുടങ്ങി ത്രിതല പഞ്ചായത്ത് അംഗങ്ങളിൽ നിന്നും അംഗീകാരവും ലഭിച്ചിട്ടുണ്ട്. സ്വന്തം ജന്മദിനത്തിലും വിവാഹ വാർഷിക ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ച് മാതൃകയാകുകയും മറ്റുള്ളവർക്ക് പ്രചോദനമാകുകയും ചെയ്തിട്ടുണ്ട്. പ്രകൃതി സംരക്ഷണ പാഠവുമായി വിദ്യാർത്ഥികൾക്കൊപ്പം മലമുകളിലൂടെ കഥ പറഞ്ഞും നൃത്തം ചവിട്ടിയും മഴനടത്തം നടത്തി. വീടുകളിൽ മഴക്കുഴി എടുത്ത് അതിനൊപ്പം സെൽഫി എടുക്കുന്ന ചലഞ്ചിലൂടെ നൂറ്റി ഒന്ന് മഴക്കുഴികൾ എടുത്തു. ഉപയോഗശൂന്യമായി കിടന്ന

 

പതിനായിരം ലിറ്ററിൻ്റെ മഴവെള്ള സംഭരണി ശരിയാക്കിയെടുത്തു. പ്രളയ ശേഷം കിണറുകളിലും കുടിവെള്ളത്തിലുമുണ്ടായ മാറ്റങ്ങൾ തിരിച്ചറിയാനായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ജലപരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു. പ്രകൃതിയെ അടുത്തറിയുന്നതിനുള്ള താൽപര്യം വർദ്ധിപ്പിക്കുവാനായി സ്കൂകൂളിൽൽ വർണ വിരുന്നൊരുക്കി ശലഭോദ്യാനം തയ്യാറാക്കി. സ്കൂളിലും പരിസരത്തുമായി മൂന്ന് ബയോ ഡൈവേഴ്സിറ്റി പാർക്ക് തയ്യാറാക്കി. ഒരു കുട്ടിക്ക് ഒരു വാഴ പദ്ധതി പ്രകാരം സ്കൂൾ വളപ്പിൽ വാഴത്തൈകൾ വച്ച് പിടിപ്പിച്ചു. മഞ്ഞൾ, ഇഞ്ചി, കൂർക്ക, കപ്പ, പാഷൻ ഫ്രൂട്ട്, കറ്റാർവാഴ, തുളസി തുടങ്ങിയവും നട്ട് പരിപാലിക്കുന്നുണ്ട്. പ്രമുഖ ആയുർവേദ ഗ്രൂപ്പ് ആയ ശ്രീധരീയവുമായി സഹകരിച്ച് അൻപതിലധികം ഔഷധ തൈകൾ ഉൾപ്പെടുത്തി മെഡിസിനൽ ഗാർഡൻ തയ്യാറാക്കി. ഗൃഹ ചൈതന്യം പദ്ധതി പ്രകാരം ആയിരത്തിലധികം ആര്യവേപ്പ് തൈകൾ മുളപ്പിച്ച് വിതരണം ചെയ്തു. പഠിയ്ക്കാം പ്ലാവിലൂടെ പദ്ധതി പ്രകാരം വീടുകളിലും പരിസരത്തും പ്ലാവിൻ തൈകൾ നടുകയും ചക്കയുടെയും ചക്ക ഉത്പന്നങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി.

നാഷണൽ സർവ്വീസ് സ്കീം വോളന്റിയേഴ്സ്, സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ്സ്, എൻ.സി.സി, സ്കൂൾ , കോളേജ് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, റസിഡൻ്റ് അസോസിയേഷൻ അംഗങ്ങൾ  തുടങ്ങിയവർക്ക് മോട്ടിവേഷൻ, പാരന്റിംഗ്, ഓൺലൈൻ ഗയിംസ്, സൈബർ ലോ തുടങ്ങിയ മേഖലകളിൽ അഞ്ഞൂറിലധികം ക്ലാസുകൾ എടുത്തിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മക്കൾക്കൊപ്പം പദ്ധതിയുടെയും, നാഷണൽ സർവീസ് സ്കീമിൻ്റെയും സംസ്ഥാന റിസോഴ്സ് പേഴ്സണുമാണ്.

കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈൻ പഠനത്തിൻ്റെ ഭാഗമായി വി.എച്ച്.എസ്.ഇ യുടെ ഒഫിഷ്യൽ ചാനലായ ഇ-വിദ്യാലയത്തിലൂടെ ലൈവ് സ്റ്റോക് മാനേജ്മെൻ്റ് വിഷയത്തിൽ നിരവധി വീഡിയോ ക്ലാസുകൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എസ്.സി ഇ.ആർ.റ്റി   വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്കായി ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് വിഷയത്തിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ രചയിതാവാണ്, കൂടാതെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ തസ്തികയിലേയ്ക്കുള്ള റാങ്ക് ഫയൽ, ക്വൊസ്റ്റ്യൻ ബാങ്ക്, റഫറൻസ് ടെക്സ്റ്റ്, ഗൈഡ്‌ തുടങ്ങിയവയും രചിച്ചിട്ടുണ്ട്. പി. എസ്.സി യുടെ ചോദ്യപേപ്പർ തയ്യാറാക്കുന്ന പാനലിലെ അംഗവുമാണ്.  വി.എച്ച്.എസ്.ഇ വിഭാഗത്തിലെ അംഗീകൃത അധ്യാപക സംഘടനയായ  വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, ട്രഷറർ, വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്, നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ, കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ തൃശൂരിൽ വച്ച് നടത്തിയ അഗ്രി ഹാക്കത്തോണിൻ്റെ ജൂറി മെമ്പറായിരുന്നു.  തുടങ്ങി നിരവധി സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്

മികച്ച ഭിന്നശേഷി സൗഹൃദ സ്കൂൾ, മീഖൾ സുസൺ ബേബിയ്ക്ക് സംസ്ഥാന സർക്കാരിൻ്റെ മികച്ച വോളണ്ടിയർ അവാർഡ് , നാഷണൽ ഇൻ്റഗ്രേഷൻ ക്യാമ്പുകളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം, പതിമൂന്ന്  വർഷം  തുടർച്ചയായി എസ് എസ് എൽ സി യ്ക്ക് നൂറു ശതമാനം വിജയം, ചരിത്രത്തിലാധ്യമായി വി.എച്ച്.എസ്.ഇ വിഭാഗത്തിന് നൂറുശതമാനവും ഫുൾ എപ്ലസ് വിജയവും തുടങ്ങി പഠന പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സ്കൂളിലെ ഭാഗമാണ് ഈ അദ്ധ്യാപകനും.

സമീർ സിദ്ദീഖിയും ദി കേക്ക് ഗേൾ എന്ന ഹോം ബേക്കറിയുടെ ഉടമയായ ഭാര്യ തസ്നിമും, നാലാം ക്ലാസുകാരനായ മകൻ റൈഹാനും ഈസ്റ്റ് മാറാടിയിലാണ് താമസം.  പ്രായം പഠനത്തിന് ഒരു തടസമല്ലന്ന് മനസിലാക്കിയ ഈ അദ്ധ്യാപകൻ ഇപ്പോഴും ഒരു പഠനത്തിലാണ്. അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് ലേബർ മാനേജ്മെന്റിന് പഠിച്ചു കൊണ്ടിരിക്കുകയാണ്. ബി.എസ്.സി,  എൽ.എൽ.ബി,  എം.ബി.എൽ,   എം.എസ്.ഡബ്ലിയു, എം.എസ്.സി തുടങ്ങിയ ബിരുദ ബിരുദാനങ്ങൾ നേടിയിട്ടുണ്ട്, തിരുവനന്തപുരം വഞ്ചിയൂർ ബാറിൽ ഏഴ് വർഷത്തോളം വക്കീലായും നിരവധി ബാങ്കിൽ ലീഗൽ അഡ്വൈസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സ്കൂൾ പഠനകാലത്ത് ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സിലെ പ്രവർത്തന മികവിന് രാഷ്ട്പതിയുടെയും, ഗവർണറുടെയും അവാർഡും നേടിയിട്ടുണ്ട്. ഇന്ത്യൻ റെഡ് ക്രോസ് ഫസ്റ്റ് എയിഡ് പരിശീലനം പൂർത്തിയാക്കുന്നവർക്ക് നൽകുന്ന സെന്റ് ജോൺസ് ആംബുലൻസ് ബാഡ്ജ് ഹോൾഡറും ലൈഫ് മെമ്പറുമാണ്. വീട്ടിൽ ജൈവ പച്ചക്കറി കൃഷിയും കോഴി, ആട്, പശു, കാടക്കോഴി തുടങ്ങിയവയെയും വളർത്തുന്നു.

സംസ്ഥാനത്തെ വി.എച്ച്.എസ് സ്കൂളുകളായ തിരുവനന്തപുരം ജില്ലയിലെ പരുത്തിപ്പള്ളി, വെള്ളനാട്, പൂവച്ചൽ, പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂർ, ആലപ്പുഴ ജില്ലയിലെ  ചെങ്ങന്നൂർ , കണ്ണൂർ ജില്ലയിലെ പുളിങ്ങോം, തുടങ്ങിയ നിരവധി സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നോക്കുകൂലി ഐ എസ് ആർ ഒ വാഹനം തടഞ്ഞു
Next post ബി.വോക് കോഴ്സിന് കേരള പി.എസ്.സി യുടെ അംഗീകാരം

This article is owned by the Rajas Talkies and copying without permission is prohibited.