June 25, 2024

പൊതുവിദ്യാഭ്യാസം സ്മാർട്ടാക്കാൻ കാട്ടാൽ എഡ്യൂകെയർ

Share Now

കാട്ടാൽ എഡ്യുകെയർ പദ്ധതിക്ക് തുടക്കമായി.
കാട്ടാക്കട നിയോജകമണ്ഡലം: പൊതുവിദ്യാഭ്യാസം സ്മാർട്ടാക്കാൻ കാട്ടാൽ എഡ്യൂകെയർ.
കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളെയും ഉൾപ്പെടുത്തി ഐ.ബി.സതീഷ് എം.എൽ.എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാട്ടാൽ എഡ്യുകെയർ പദ്ധതിക്ക് തുടക്കമായി. പേയാട്‌ സെന്റ് സേവിയേഴ്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ വച്ച് ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. ലോക പ്രശസ്തമായ നിരവധി മാതൃകകൾ തീർത്തിട്ടുള്ള കാട്ടാക്കടയിൽ നിന്നുതന്നെ പൊതു വിദ്യാഭ്യാസ മേഖലയിലും വേറിട്ട മാതൃകകൾ ഉണ്ടാകുന്നത് അഭിമാനകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു

. മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ നിരവധി നൂതനാവിഷ്കാരങ്ങൾ വിഭാവനം ചെയ്യുന്നതിന് കാട്ടാൽ എഡ്യൂകെയർ പദ്ധതി സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.    
അധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കൂട്ടി യോജിപ്പിച്ചുള്ള സമഗ്ര വിദ്യാഭാസ സൗഹൃദ പദ്ധതിയാണ് കാട്ടാൽ എഡ്യുകെയർ. കേരളാ സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിലുള്ള എൽ2 ലാബ്‌സിന്റെ സഹായത്തോടെ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്ന സ്റ്റുഡന്റ്‌ കെയർ ആപ്ലിക്കേഷനിലൂടെ വിദ്യാർത്ഥികളുടെ ഹാജർ നില, പഠന നിലവാരം, വിദ്യാർത്ഥിയുടെ കഴിവുകൾ, പരിമിതികൾ, പ്രോഗ്രസ് റിപ്പോർട്ട് എന്നിവ രക്ഷിതാക്കളെ തത്സമയം അറിയിക്കാനുള്ള സംവിധാനം ഉണ്ട്. കൂടാതെ അസൈൻമെന്റുകൾ, നോട്ടുകൾ എന്നിവ സമർപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ അറിവും വിദ്യാഭ്യാസ നിലവാരവും ഉയർത്തുന്നതിന് ഉതകുന്ന പഠന വീഡിയോകൾ, ഡിജിറ്റൽ ലൈബ്രറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് എം.എൽ.എയോട് നേരിട്ട് സംവദിക്കുവാനുള്ള സൗകര്യവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്.  പദ്ധതി പ്രാവർത്തികമാകുന്നതിലൂടെ വിദ്യാർത്ഥികളോടൊപ്പം അധ്യാപകരും വീടുകളിലേക്ക് എത്തുകയാണ്. കോവിഡ് സാഹചര്യത്തിൽ പാരന്റൽ കെയർ, ടീച്ചർ മെന്ററിംഗ് എന്നിവ കൂടി ഉൾപ്പെടുത്തി ഒരു ഹൈബ്രിഡ് അക്കാഡമിക് കണ്ടിന്യൂയിറ്റി ആണ് പ്രാഥമിക ലക്‌ഷ്യം.
മണ്ഡലത്തിലെ നൂറിലധികം സ്കൂളുകളുകൾക്കും 20000 ത്തോളം വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന ഈ സംരഭം ഇന്ത്യയിലെ വൻകിട സ്വകാര്യ മാനേജ്‌മെന്റ് സ്കൂളുകൾക്ക് പോലും അവകാശപ്പെടാനില്ലാത്ത ഒരു നേട്ടമാണ്. ഓരോ വിദ്യാർഥിയുടെയും ഓരോ വിദ്യാലയത്തിന്റെയും പുരോഗതിയിൽ ജനപ്രതിനിധികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നേരിട്ട് ഇടപെടാൻ കഴിയും വിധം പരോക്ഷമായി ഒരു സ്മാർട്ട് പി.റ്റി.എ മണ്ഡലത്തിൽ ആകമാനം സൃഷ്ടിക്കപ്പെടാൻ പദ്ധതി സഹായകരമാകും. മൊബൈൽ ആപ്പിന്റെ സഹായത്തോടെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും അടങ്ങിയ ശ്യംഖല രൂപപ്പെടുത്തുക, വിദ്യാർത്ഥികളുടെ വിവരങ്ങൾ ഞൊടിയിടയിൽ രക്ഷകർത്താവിലേക്ക് എത്തിക്കുക, വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പിലാക്കി വരുന്ന “ആക്സിലറേറ്റഡ് റീഡിങ്ങ്സ്” സംവിധാനം ഇവിടെ പ്രാവർത്തിമാക്കുക എന്ന് തുടങ്ങി വൈജ്ഞാനിക മേഖലയെ സവിശേഷമാക്കുന്നതിനുള്ള ഒട്ടനവധി ഉപപദ്ധതികൾ കൂടി ഉൾകൊള്ളുന്നതാണ് കാട്ടാൽ എഡ്യൂകെയർ.


ഐ.ബി.സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ മുഖ്യാതിഥിയായി. പ്ലസ്ടു വിദ്യാർത്ഥിനി നന്ദന എസ്.ആർ പദ്ധതി വിശദീകരണം നടത്തി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാധിക ടീച്ചർ, റൂഫസ് ഡാനിയേൽ, വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലില്ലി മോഹൻ, വൈസ് പ്രസിഡന്റ് ഷാജി, വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ലാലി മുരളി, മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്‌കുമാർ, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അനിൽകുമാർ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ എൻ.ശ്രീകുമാർ കൃതജ്ഞത രേഖപ്പെടുത്തി.
ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരൻമാർ. അവരുടെ കരങ്ങളിലാണ് നാടിന്റെ ഭാവി. അവരുടെ കുഞ്ഞുകരങ്ങൾക്ക്  ശക്തിപകരുക എന്നതാണ് പുരോഗമന ചിന്താഗതിയുള്ള സമൂഹത്തിന്റെ ഇന്നത്തെ ദൗത്യം. നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനം ഏറെ മികവാർന്നതാണ്. ഈ സംവിധാനത്തെ ലോകത്ത് ഇന്ന് ലഭ്യമായിട്ടുള്ള ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പദ്ധതിക്ക് പിന്നിലെ ആശയം എന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാർബൺ ന്യൂട്രൽ കാട്ടാക്കട: സൗര ശില്പശാല സംഘടിപ്പിച്ചു.
Next post ഡോ വി കാർത്തിക്കിന് യങ്ങ് സ്കോളർ അവാർഡ്

This article is owned by the Rajas Talkies and copying without permission is prohibited.