June 22, 2024

കാലഘട്ടത്തിനനുസൃതമായി വനം വകുപ്പിനെ ആധുനീകരിക്കും : മന്ത്രി എ.കെ.ശശീന്ദ്രന്‍

Share Now

കാലഘട്ടത്തിനനുസൃതമായി വനം വകുപ്പിനെ ആധുനീകരിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. അരിപ്പ വനപരിശീലനകേന്ദ്രത്തില്‍ വനപാലകരുടെ പാസിംഗ് ഔട്ട്-കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വനം വകുപ്പിന്റെ സമസ്ത മേഖലകളെയും ശാക്തീകരിക്കും. വനം സേനയുടെ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃത മാറ്റം കൊണ്ടു വരേണ്ടത് അനിവാര്യമാണ്. ഇതിനായി നൂതനസാങ്കേതിക വിദ്യയിലധിഷ്ഠിതമായ വിദഗ്ധപരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.


വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനൊപ്പം മനുഷ്യന്റെ നന്മയും പുരോഗതിയും കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ളതാകണം വനപാലകരുടെ കര്‍ത്തവ്യം. വനാശ്രിത സമൂഹത്തിന്റെ ഉന്നമനം കൂടി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ സേനയെ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. വന്യജീവി പരിപാലനത്തില്‍ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്‍പന്തിയിലാണ്. എന്നാല്‍ സംസ്ഥാനത്ത് വന്യജീവികള്‍ നാട്ടിലേക്കിറങ്ങി ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന സംഭവങ്ങള്‍ ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കണം. പ്രകൃതിയുടെ സംന്തുലനം ഉറപ്പാക്കിക്കൊണ്ടു ജീവജാലങ്ങള്‍ക്കും സൗകര്യങ്ങള്‍ നല്‍കണം. വനം-പരിസ്ഥിതി സംരക്ഷണം, ആഗോളതാപനത്തിനെതിരേയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തണം. ഇത്തരത്തിലുള്ള പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.


വനം വകുപ്പിന്റെ വിവിധ ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരില്‍ പരസ്പര വിശ്വാസവും ആത്മവിശ്വാസവും ഉണര്‍ത്തുന്ന ആധുനിക പരിശീലനം അത്യന്താപേക്ഷിതമാണ്. ഇത്തരം ലക്ഷ്യത്തിനായി തുടക്കമിട്ട വനപരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.വനപരിശീലനം വഴി ആര്‍ജ്ജിക്കുന്ന കഴിവുകള്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ നിലവിലുള്ള പരിമിതമായ സൗകര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് തടസ്സമാകുന്നുണ്ട്് .ആധുനിക ആയുധങ്ങളും മറ്റുപകരണങ്ങളും ലഭ്യമാക്കിയും കാടിനകത്തും പുറത്തും നടക്കുന്ന വനംകുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും വിവരങ്ങള്‍ ലഭ്യമാക്കാന്നതിനുമുള്ള നൂതന സങ്കേതങ്ങള്‍ ഏര്‍പ്പെടുത്തിയും പടിപടിയായി ഇതിന് പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.


വനപാലകര്‍ക്ക് വനശാസ്ത്ര വിഷയങ്ങളിലും വന സംരക്ഷണത്തിന്റെ പ്രായോഗിക തലങ്ങളിലും പരിശീലനം ഊര്‍ജ്ജിതപ്പെടുത്തും.ഇതോടൊപ്പം മാനുഷിക മുഖമുള്ള പ്രവര്‍ത്തനത്തിനായി സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വാളയാര്‍, അരിപ്പ വനപരിശീലന കേന്ദ്രങ്ങൡ വിവിധ തസ്തികകളിലായി പരിശീലനം പൂര്‍ത്തിയാക്കിയ 99 ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡാണ് അരിപ്പ വനപരിശീലനകേന്ദ്രത്തില്‍ നടന്നത്. സബ്ഓര്‍ഡിനേറ്റ് സര്‍വീസില്‍ ഉള്‍പ്പെടുത്തിയ ശേഷം വനപരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ച് ഡ്രൈവര്‍മാരുടെ 22 അംഗ സംഘവും ഇതില്‍ ഉള്‍പ്പെടുന്നു.

പരിശീലനം പൂര്‍ത്തിയാക്കിയ എഴുപത്തിആറാമത് ബാച്ചിലെ 37 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍(ബിഎഫ്ഒ)മാരില്‍ 22 പേരും വനിതകളാണെന്നതും പ്രത്യേകതയാണ്.പരിശീലനത്തില്‍ ഒന്നാമതെത്തിയ റേഞ്ച് ഓഫീസര്‍ ഫസിലുദ്ദീന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ മുഹമ്മദ് ഹാഷിം, ബിഎഫ്ഒ പ്രിയങ്ക.ജി പ്രതാപ് , ഡ്രൈവര്‍മാരായ അഹമ്മദ് കബീര്‍, ഗിരീഷ് കുമാര്‍,മാരത്തോണ്‍ മത്സരത്തില്‍ ഒന്നാമതെത്തിയ ബിഎഫ്ഒമാരായ അജീഷ്, അക്ഷയ എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.


മുഖ്യ വനംമേധാവി പി കെ കേശവന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എപിസിസിഎഫ് ഡോ.പി.പുകഴേന്തി, സിസിഎഫ് സഞ്ജയന്‍ കുമാര്‍, സി.എഫ് നീതു ലക്ഷ്മി, വനപരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോണി.ജി.വര്‍ഗീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നൂറു ദിന കര്‍മ്മപദ്ധതിയിലെ പ്രഖ്യാപനം റിക്കോര്‍ഡ് വേഗത്തില്‍ നടപ്പിലാക്കി സഹകരണ വകുപ്പ്
Next post തിളക്കം 2021 അരുവിക്കര

This article is owned by the Rajas Talkies and copying without permission is prohibited.