June 25, 2024

രവിപിള്ള ഫൗണ്ടേഷന്റെ കാരുണ്യസ്പര്‍ശം; ധനസഹായ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

Share Now

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലായവര്‍ക്കു രവിപിള്ള ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച കാരുണ്യസ്പര്‍ശം ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രവി പിള്ള ഫൗണ്ടേഷന്റെയും ആര്‍ പി ഗ്രൂപ്പിന്റെയും ചെയര്‍മാനായ പത്മശ്രീ ബി. രവി പിള്ള ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് നാലു മണിക്ക് സെക്രട്ടേറിയേറ്റില്‍ നടന്ന ചടങ്ങില്‍ 8 പേര്‍ക്ക് ധനസഹായം കൈമാറി.

നോര്‍ക്ക നിര്‍ദ്ദേശിച്ച രണ്ടു പേര്‍ക്കും ആര്‍ പി ഫൗണ്ടേഷന്‍ തെരഞ്ഞെടുത്ത ആറുപേര്‍ക്കുമാണ് വിതരണോദ്ഘാടനത്തിന്റെ ഭാഗമായി സഹായം വിതരണം ചെയ്തത്. കോവിഡ് വന്ന് മരണപ്പെട്ട പ്രവാസികളുടെ മക്കളായ ആര്യ മോഹന്‍, അര്‍ച്ചന മധുസൂദനന്‍ എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം കൈമാറി. നോര്‍ക്ക വഴിയുള്ള അപേക്ഷയിലാണ് ഇവര്‍ സഹായത്തിന് അര്‍ഹരായത്. റസിയ പി, സുമി, സുനിത, അനില്‍, സയ്യിദ് കുഞ്ഞ്, എം.ജെ. ജോസ് എന്നിവരും സഹായം ഏറ്റുവാങ്ങി.

15 കോടിയുടെ സഹായമാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചതെങ്കിലും പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതിനാല്‍ 17 കോടി വിതരണം ചെയ്യാനാണ് തീരുമാനം. 15,000 പേര്‍ക്ക് ഈ മാസം സഹായം നല്‍കുമെന്നും സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ബാക്കിയുള്ളവര്‍ക്കുകൂടി ധനസഹായം വിതരണം ചെയ്യുമെന്നും ഡോക്ടര്‍ രവി പിള്ള പറഞ്ഞു.

ധനസഹായത്തിനര്‍ഹയായ റസിയയുടെ ഭര്‍ത്താവ് വഴിയോരക്കച്ചവടം നടത്തുകയായിരുന്നു. കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് റസിയയും മൂന്നു പെണ്‍കുട്ടികളും വളരെ ദുരിതത്തിലായി. ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും പിതാവും കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് സുമിയും കുടുംബവും വളരെ കഷ്ടത്തിലായിരുന്നു. നിരാശ്രയരായ ഇവരെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകളും മറ്റും കൊടുത്തിരുന്നു.

സുനിതയുടെ അവസ്ഥയും വ്യത്യസ്തമല്ല. ചോര്‍ന്നൊലിക്കാത്ത വീടെന്ന സ്വപ്നം പോലും സാധ്യമാക്കാതെയാണ് ഭര്‍ത്താവിന് കോവിഡിന് കീഴടങ്ങേണ്ടിവന്നത്. കോവിഡ് ബാധിച്ച് മകനും ചികിത്സയിലായിരുന്നു. 21കാരനായ അനില്‍ മസ്‌കുലാര്‍ ഡിസ്ട്രോഫി, ഓട്ടിസം ബാധിതനാണ്. സഹോദരന്‍ അജിത്തും ഗുരുതര രോഗാവസ്ഥയിലായ അച്ഛനും അടങ്ങുന്നതാണ് അനിലിന്റെ കുടുംബം. അമ്മ നേരത്തേ മരിച്ചു. മൂന്നു പെണ്‍മക്കളുള്ള സയ്യിദ് കുഞ്ഞിന് രണ്ടു മാസം മുമ്പ് കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. നിത്യജീവിതവൃത്തിക്ക് ഒരു തൊഴില്‍പോലും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലാണ് അദ്ദേഹം. ഭാര്യ ഓമനയുടെ ചികിത്സയുടെ ഭാഗമായാണ് ജോസിനും കുട്ടികള്‍ക്കും വീട് നഷ്ടപ്പെട്ടത്. വലിയ ചെലവുള്ള ചികിത്സക്കായി വീടും സ്ഥലവും വില്‍ക്കേണ്ടിവന്നു. എന്നാല്‍ ഓമനയുടെ ആരോഗ്യം ഇന്നും മോശമാണ്. മാസം 12000 രൂപ മരുന്നിനു മാത്രം ചെലവുണ്ട്. വിവിധ ബാങ്കുകളിലായി പത്ത് ലക്ഷത്തിലേറെ രൂപയുടെ കടവും.

കഴിഞ്ഞ ജൂണിലാണ് കോവിഡ് ദുരിത ബാധിതര്‍ക്കായി രവിപിള്ള ഫൗണ്ടേഷന്‍ ധനസഹായ പദ്ധതി പ്രഖ്യാപിച്ചത്. ലഭിച്ച രണ്ടരലക്ഷത്തിലധികം അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് സഹായം നല്‍കുന്നത്. നോര്‍ക്ക റൂട്ട്സ് വഴി തിരഞ്ഞെടുത്തവര്‍ക്കു അഞ്ചുകോടിയുടെ സഹായം നല്‍കും. പ്രവാസികളുടെ മക്കളുടെ കല്യാണ ആവശ്യങ്ങള്‍ക്കാണ് ഇത് കൂടുതലും ചെലവാക്കുന്നത്. ഇപ്പോള്‍ വിദേശത്തുള്ളവര്‍ക്കും നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കും ഈ സഹായം ലഭിക്കും. ബാക്കിതുക എംഎല്‍എമാരുടെയും എംപിമാരുടെയും ശുപാര്‍ശയോടെ വന്ന അപേക്ഷകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഫൗണ്ടേഷന്‍ നേരിട്ട് നല്‍കും. ഏകദേശം 40,000 പേരെ സഹായിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാരണം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍, രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍, പെണ്‍കുട്ടികളുടെ വിവാഹം, ചികിത്സാ ആവശ്യങ്ങള്‍, സാമ്പത്തിക പരാധീനതയുള്ള വിധവകളായ സ്ത്രീകള്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് ആര്‍പി ഫൗണ്ടേഷന്റെ കാരുണ്യസ്പര്‍ശം വഴി ധനസഹായം ലഭിക്കുക.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 200 പേരടങ്ങുന്ന സംഘമാണ് ഓണ്‍ലൈനായി ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ഒന്നര വര്‍ഷമായി എല്ലാ രാജ്യങ്ങളും എല്ലാ മേഖലകളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. നമുക്ക് പ്രിയപ്പെട്ട പലരെയും നഷ്ടമായി. കേരളത്തിലേതിന് സമാനമായ സ്ഥിതിയാണ് പ്രവാസലോകത്ത്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സഹായപദ്ധതിയെക്കുറിച്ച് ആലോചിച്ചതെന്നു രവി പിള്ള പറഞ്ഞു. വളരെ വൈകാതെ ലോകം പ്രതിസന്ധിയെ മറികടക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു. ധനലക്ഷ്മി ബാങ്ക് വഴിയാണ് ധനസഹായം വിതരണം ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ജെ കെ റ്റി യു സി ജില്ലാ കമ്മിറ്റി രൂപീകരിച്ചു
Next post അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും ആദരിച്ച് നേമം ബ്ലോക്ക്

This article is owned by the Rajas Talkies and copying without permission is prohibited.